ജനം ടിവി ഏപ്രിൽ 19ന് സംപ്രേഷണം തുടങ്ങും - DishKing.in - Updates of Satellite TV Channels

Latest

Search

Wednesday 18 February 2015

ജനം ടിവി ഏപ്രിൽ 19ന് സംപ്രേഷണം തുടങ്ങും

തിരുവനന്തപുരം: ജനം ടിവി 2015 ഏപ്രിൽ 19 ന്
സംപ്രേഷണം ആരംഭിക്കുമെന്ന്
ചാനലിന്റെ ചെയർമാനും ചലച്ചിത്ര
സംവിധായകനുമായ പ്രിയദർശൻ
വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19ന്
വൈകിട്ട് 6 ന് എറണാകുളം കലൂർ അന്താരാഷ്ട്ര
സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ
നടക്കുക. ദേശീയ-സംസ്ഥാന
രാഷ്ട്രീയത്തിലെ പ്രമുഖരും കലാ-സാംസ്കാരിക
രംഗത്തെ വിശിഷ്ടവ്യക്തികളും ഉദ്ഘാടന
ചടങ്ങിനെത്തും. ജീവനകലയുടെ ആചാര്യൻ
ശ്രീ ശ്രീ രവിശങ്കറിന്റെ അനുഗൃഹീത
സാന്നിദ്ധ്യവും ചടങ്ങിലുണ്ടാകുമെന്നു
പ്രിയദർശൻ പറഞ്ഞു.
തികച്ചും ജനകീയ സംരംഭമായ
ജനം മൾട്ടി മീഡിയയുടെ ആദ്യത്തെ ടെലിവിഷൻ
ചാനലാണ് ജനം ടിവി. തൃശ്ശൂർ കേന്ദ്രമായ
പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്
ജനം മൾട്ടി മീഡിയ ലിമിറ്റഡ്. അത്യന്താധുനിക
സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ
പ്രവർത്തനമാരംഭിക്കുന്ന ജനം ടിവി,
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ എച്ച്.
ഡി(High Definition)ചാനലായിരിക്കുമെന്ന്
പ്രിയദർശൻ പറഞ്ഞു. INTELSAT-17 വഴിയാണ്
‘ജനം’ സംപ്രേഷണം നടത്തുക. ഏപ്രിൽ 19 മുതൽ
ലോകമെമ്പാടുമുള്ള മലയാളികൾക്ക്
ജനം ടിവി ആസ്വദിക്കാനുള്ള
അവസരമുണ്ടാകുമെന്ന് പ്രിയദർശൻ അറിയിച്ചു.
വാർത്താ-വിനോദ പരിപാടികൾക്ക് തുല്യ
പ്രാധാന്യമാണ് ജനം ടിവി നൽകുകയെന്ന്
വാർത്താസമ്മേളനത്തിൽ പങ്കെടുത്ത
ജനം ടിവി മാനേജിംഗ് ഡയറക്ടർ പി.വിശ്വരൂപൻ
പറഞ്ഞു. ജനം ടിവിയുടെ ആസ്ഥാനം
തിരുവനന്തപുരത്തായിരിക്കും.പ്രോഗ്രാം
സ്റ്റുഡിയോ ആലുവയിലായിരിക്കും
പ്രവർത്തിക്കുക.തിരുവനന്തപുരം,കൊച്ചി
കോഴിക്കോട് എന്നിവിടങ്ങളിൽ റീജണൽ
ബ്യൂറോകൾ ഉണ്ടാകും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഡൽഹി
ഉൾപ്പെടെ രാജ്യത്തിലെ എല്ലാ മഹാനഗരങ്ങളിലും
ജനം ടിവിയുടെ സാന്നിദ്ധ്യമുണ്ടാകുമെന്നു
വിശ്വരൂപൻ അറിയിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ജനം ടിവിക്ക്
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ
മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചത്.
തുടർന്ന് ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ്
നടന്നുവരുന്നതെന്നും എം.ഡി പറഞ്ഞു.
കേരളത്തിലും രാജ്യത്തിന് പുറത്തുമുള്ള
മലയാളികളാണ് ജനം ടിവിയുടെ അടിത്തറ.
ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ
മേൽക്കൈ നേടാൻ കഴിയാത്തവിധത്തിലാണ്
ജനം ടിവി യുടെ ഓഹരി ഘടന
വിഭാവനം ചെയ്തിട്ടുള്ളതെന്നും വിശ്വരൂപൻ
പറഞ്ഞു.
'ജന'ത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ
എല്ലാ മാദ്ധ്യമ
പ്രവർത്തകരുടെയും സഹകരണം പ്രിയദർശൻ
അഭ്യർത്ഥിച്ചു . ജനം ടിവി ഡയറക്ടർ
യു .എസ്.കൃഷ്ണകുമാർ, സി.ഒ.ഒ
യും എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററുമായ
രാജേഷ്.ജി.പിള്ള
എന്നിവരും വാർത്താസമ്മേളനത്തിൽ
സന്നിഹിതരായിരുന്നു.

No comments:

Post a Comment